രാജ്യദ്രോഹക്കുറ്റം: ലക്ഷ്മണരേഖ ലംഘിക്കരുത്: റിജിജു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരേ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനമുണ്ടെന്നും എന്നാല്‍, ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണസഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍വരമ്പുണ്ട്. ആ ലക്ഷ്മണരേഖ ആരും മറികടക്കാന്‍ പാടില്ല. ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്” -റിജിജു കൂട്ടിച്ചേര്‍ത്തു. അതേസമയം, കോടതിയുടെ ഉത്തരവ് തെറ്റായോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →