പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ

കൊളംബോ: ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും തെരുവു യുദ്ധമായി പരിണമിച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമ്പര്‍ക്കത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ള പുതിയ സര്‍ക്കാരിനെ നിയമിക്കും. രാജപക്സെ കുടുംബാംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്റിന് കൂടുതല്‍ അധികാരം ഉറപ്പാക്കുന്ന 19 മത് ഭരണഘടനാ ഭേദഗതി വീണ്ടും കൊണ്ടുവരും. ഇതിനായി നിലവിലെ എക്സിക്യൂട്ടിവ് പ്രസിഡന്റ്സി സംവിധാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ, പ്രസിഡന്റ് രാജി വയ്ക്കണമന്നെും രാജപക്സെ കുടുംബം രാഷ്ട്രീയം വിടണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമായി. അതിനിടെ, ജനത്തെ പ്രകോപിപ്പിക്കാന്‍ അവര്‍ക്കുനേര്‍ക്ക് വെടിയുതിര്‍ക്കാന്‍ സൈന്യം തയാറെടുത്തിരിക്കുകയാണെന്ന ആരോപണം ശ്രീലങ്കന്‍ സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ നിഷേധിച്ചു. എന്നാല്‍, പൊതുമുതല്‍ നശിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് ഉപദ്രവം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്ക് നേര്‍ക്കു വെടിയുതിര്‍ക്കാനാണ് സേനയ്ക്ക് നിര്‍ദേശം നല്‍കിയതെന്നു സര്‍ക്കാര്‍ വിശദമാക്കി.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷമാവുകയും പ്രക്ഷോഭകരെ നേരിടാന്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാസേനയുമായി പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ്‌ സൈന്യത്തിന് ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അതേസമയം, ശ്രീലങ്കയിലേക്ക്‌ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ”ഇന്ത്യ ശ്രീലങ്കയിലേക്ക്‌ സൈന്യത്തെ അയ്ക്കുന്നു എന്ന തരത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്ചപ്പാടുകളും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ല” ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യയുടെ സമ്പൂര്‍ണ പിന്തുണയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. രാജിവച്ച ലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായുള്ള പ്രചാരണങ്ങളും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തള്ളി.

Share
അഭിപ്രായം എഴുതാം