റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക പലസ്തീനില്‍ വെടിയേറ്റു മരിച്ചു

May 12, 2022 - 11:38 am

ജറുസലേം: അല്‍ ജസീറയുടെ അറബിക് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലെ(51) പലസ്തീനില്‍ വെടിയേറ്റു മരിച്ചു. പിന്നില്‍ ഇസ്രയേല്‍ സൈന്യമെന്ന് ആരോപണം. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറീന് വെടിയേറ്റതെന്ന് അല്‍ ജസീറയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പൗരത്വമുള്ള പലസ്തീന്‍ വംശജയാണ് ഷിറീന്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അലി അല്‍ സമുദിക്കും വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഷിറീന്റെ തലയ്ക്കാണു വെടിയേറ്റത്. ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും െവെകാതെ മരിച്ചു. എന്നാല്‍, വെടിയേറ്റ സാഹചര്യം അവ്യക്തമാണെന്നും പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഷിറീനെ ഇസ്രയേല്‍ സൈന്യം കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് അല്‍ ജസീറ ആരോപിച്ചു. സംഭവത്തെ അപലപിക്കണമെന്നും ചാനല്‍ രാജ്യാന്തരസമൂഹത്തോട് അഭ്യര്‍ഥിച്ചു. ആക്രമണം നടന്ന സ്ഥലത്ത് പലസ്തീന്‍ സായുധസേനാംഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇസ്രയേല്‍ സൈന്യമാണ് തങ്ങള്‍ക്കുനേരേ വെടിവച്ചതെന്നും പരുക്കേറ്റ അലി അല്‍ സമുദി പറഞ്ഞു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലെ ഭീകരരെന്നു സംശയിക്കുന്നവരെ പിടികൂടാന്‍ സൈനിക നടപടിയുണ്ടായതായി ഇസ്രയേല്‍ പ്രതിരോധസേന സ്ഥിരീകരിച്ചു. എന്നാല്‍, പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികളുടെ വാദം. സംഭവത്തെക്കുറിച്ച് പലസ്തീനുമായി ചേര്‍ന്ന് അന്വേഷണം നടത്താനുള്ള സന്നദ്ധത ഇസ്രയേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡ് ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *