ന്യൂയോര്‍ക്ക്: റഷ്യയുടെ യുക്രൈന്‍ അധിനിവേശ വിഷയത്തില്‍ ഒരു രാജ്യവും ഇന്ത്യയുടെ രക്ഷാധികാരി ചമയേണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ്. തിരുമൂര്‍ത്തി. യുക്രൈന്‍ വിഷയത്തില്‍ യു.എന്നില്‍ നടക്കുന്ന വോട്ടെടുപ്പുകളില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ നിലപാടു ചോദ്യം ചെയ്ത ബ്രിട്ടനിലെ ഹോളണ്ട് അംബാസഡര്‍ക്കാണ് ചുട്ടമറുപടി നല്‍കിയത്.യു.എന്‍. പൊതുസഭയില്‍ യുക്രൈന്‍ സംഭവവികാസങ്ങളെ അധികരിച്ചു നടന്ന വോട്ടെടുപ്പുകളില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നെന്നും യു.എന്‍. ചാര്‍ട്ടറിനെ ബഹുമാനിക്കണമെന്നുമായിരുന്നു ഹോളണ്ട് അംബാസഡര്‍ കാറന്‍ വാന്‍ ഊസ്റ്റെറോമിന്റെ ട്വീറ്റ്. വിഷയത്തില്‍ ഇന്ത്യയ്ക്കു സ്വതന്ത്ര നിലപാടുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്നു വ്യക്തമായ ധാരണയുണ്ടെന്നും തിരുമൂര്‍ത്തി ട്വിറ്ററിലൂടെത്തന്നെ തിരിച്ചടിച്ചു. യുക്രൈന്‍ അധിനിവേശവിഷയത്തില്‍ യു.എന്‍. രക്ഷാകൗണ്‍സിലില്‍ താന്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണരൂപം തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഹോളണ്ട് അംബാസഡറുടെ പ്രതികരണം.