മുസ്ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ മര്‍ദിച്ചുകൊന്നു

ഹൈദരാബാദ്: മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിനു ഹിന്ദുവായ യുവാവിനെ ഇരുമ്പുവടിക്ക് മര്‍ദിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍. മുഖത്ത് അടിയേറ്റ് രക്തമൊഴുകുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ ദാരുണമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈദരാബാദിലാണു സംഭവം. സൈദ് അഷ്റിന്‍ സുല്‍ത്താനയെന്ന യുവതിയെ വിവാഹം കഴിച്ച ബി. നാഗരാജുവെന്ന യുവാവാണു കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളാണ് ക്രൂരകൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. നാഗരാജുവും സൈദ് സുല്‍ത്താനയും വീട്ടില്‍ നിന്ന് ബൈക്കില്‍ ഇറങ്ങിയ പിന്നാലെ രണ്ടുപേര്‍ ഇവരെ തടയുകയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് കുറച്ചുപേര്‍ തടിച്ചു കൂടിയെങ്കിലും കാഴ്ചക്കാരായി നോക്കി നില്‍ക്കുകമാത്രമാണ് ചെയ്തത്. മര്‍ദനമേറ്റ് നാഗരാജു ചലനമറ്റിട്ടും വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരേ ഭാര്യ അലറിവിളിച്ചെത്തുന്നതു ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെ ജനക്കൂട്ടം പ്രതികരിച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു. നാഗരാജു സംഭവസ്ഥലത്തുതന്നെ മരിച്ചു.
നാഗരാജുവും സുല്‍ത്താനയും ജനുവരിയില്‍ ഹൈദരാബാദിലെ പഴയ ക്വാര്‍ട്ടേഴ്സിലുള്ള ആര്യസമാജ ക്ഷേത്രത്തില്‍ വച്ച് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരാകുകയായിരുന്നു. പത്താം ക്ലാസ് മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. വിവാഹത്തിനു ശേഷം സുല്‍ത്താന ‘പല്ലവി’ എന്ന് പേര് മാറ്റിയിരുന്നു. വിവാഹാനന്തരം സുല്‍ത്താനയുടെ ബന്ധുക്കള്‍ നാഗരാജുവിനെ ഭീഷണിപ്പെടുത്തുകയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →