കൊച്ചി: ആലുവയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു. ഗ്യാരേജ് റെയിൽവേ ഗേറ്റിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തുകയാണ്.
അതിനിടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും ഒരാൾ പെരിയാറിലേക്ക് ചാടി. വൈകീട്ട് 6 മണിക്കാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല, ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാവിലെ മലബാർ എക്സ്പ്രസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ യാത്രക്കാരനെയും തിരിച്ചറിയാനായിട്ടില്ല. റെയിൽവേ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
2022ഏപ്രില് 28 ന് രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാർ ഏക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയലായിരുന്നു സംഭവം. ഏകദേശം അൻപത് വയസ്സ് പ്രായം തോന്നിക്കും. ട്രെയിൻ കായകുളത്ത് നിർത്തിയിട്ടപ്പോൾ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാഡ് കണ്ടിരുന്നു. തുടർന്ന് കൊല്ലത്ത് എത്തിയപ്പോൾ റെയിൽവേ ഗാർഡുകൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് കാലുകൾ നിലത്ത് തട്ടിയ നിലയിലായിരുന്നു.
റെയിൽവേ പൊലീസും റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്. ഉടുത്തിരുന്ന കൈലിയിൽ തൂങ്ങി മരച്ചതായിരിക്കും എന്നാണ് പോലീസ് നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച ആളും ഭിന്നശേഷിക്കാരനാണ്. ഫോറൻസിക് വിദഗ്ദർ ഉൾപ്പടെയുള്ളവർ ട്രയിനിൽ പരിശോധന നടത്തി. ഭിന്നശേഷിക്കാരുടെ ബോഗിയിൽ മറ്റ് യാത്രക്കാർ ആരും ഇല്ലായിരുന്നു. ഇയാൾ എവിടെ നിന്നും ട്രയിനിൽ കയറിയെന്ന് അറിയുന്നതിനായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് നീക്കം

