വയോജനങ്ങൾക്കായി കുണ്ടൂപറമ്പിൽ പകൽ വീടൊരുങ്ങി

വാർധക്യ നാളുകളിൽ പകൽ സമയത്തെ വിരസത അകറ്റി ഒരുമിച്ചിരിക്കാനും സൗഹൃദം പങ്കിടാനുമായി കുണ്ടൂപറമ്പിൽ വയോജനങ്ങൾക്കായി പകൽ വീടൊരുങ്ങി.

കോഴിക്കോട് കോർപ്പറേഷൻ വയോജന നയത്തിന്റെ ഭാഗമായി നടപ്പാക്കിയ പകൽവീട് പ്രവേശനോത്സവത്തിന്റെയും പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന വയോജന ഇരിപ്പിടം പദ്ധതിയുടെയും ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. വീട്ടിലും സമൂഹത്തിലും വയോജങ്ങൾക്ക് ആത്മാഭിമാനത്തോടു കൂടി ജീവിക്കാൻ ആവശ്യമായ ചുറ്റുപാടുകൾ ഒരുക്കി കൊടുക്കുമെന്നും വയോജനങ്ങളെ അവരുടെ കഴിവുകൾക്കനുസരിച്ച് ഉയർത്തി കൊണ്ടു വരാൻ കൂടി ശ്രമിക്കുന്നതാണ് കോർപ്പറേഷന്റെ വയോജന നയമെന്നും മേയർ പറഞ്ഞു.

പ്രായമായവർ സമൂഹത്തിൽ ഭാരമല്ല. അവർക്ക് സ്നേഹവും കരുതലും കാരുണ്യവും ആവശ്യമാണ്. പാഠപുസ്തകങ്ങളിൽ മാതാപിതാക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തണം- മേയർ പറഞ്ഞു. 

ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായി.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷനായ പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ, വിദ്യാഭ്യാസ-കായിക കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി. രേഖ, വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →