വീണ്ടും ആക്രമിക്കാന്‍ ലാദന്‍ പദ്ധതിയിട്ടു; യുദ്ധം പ്രതീക്ഷിച്ചില്ല

വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുപിന്നാലെ അമേരിക്കയ്ക്കുനേരേ രണ്ടാമതൊരു ആക്രമണംകൂടി നടത്താന്‍ അല്‍ ക്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.
അടുത്തിടെ പുറത്തുവിട്ട യു.എസ്. നേവിസീലിന്റെ രേഖകള്‍ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ആക്രമണത്തിനു യാത്രാവിമാനങ്ങളേക്കാള്‍ സ്വകാര്യ ജെറ്റുകള്‍ ഉപയോഗിക്കാനായിരുന്നു ലാദന്റെ നിര്‍ദേശം. യു.എസിലെ റെയില്‍പാളങ്ങള്‍ 12 മീറ്ററോളം മുറിച്ചുകളഞ്ഞ് ട്രെയിന്‍ അപകടങ്ങളുണ്ടാക്കാനും ലാദന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. എന്നാല്‍, 9/11 ആക്രമണത്തിനുപിന്നാലെ അമേരിക്ക, അഫ്ഗാനിസ്ഥാനെ ആക്രമിച്ചത് ലാദന്റെ പദ്ധതികള്‍ തകിടംമറിച്ചതായും ഈ ആക്രമണം ലാദന്‍ പ്രതീക്ഷിച്ചില്ലെന്നും ഇസ്ലാമിക പണ്ഡിതയായ നെല്ലി ലാഹൗദ് വിലയിരുത്തന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 11 വര്‍ഷം മുമ്പ് ലാദനെ വധിച്ച യു.എസ്. നേവിസീലുകള്‍ ലാദന്റെ സ്വകാര്യ കത്തുകളടക്കം ആയിരക്കണക്കിനു പേജുകളടങ്ങിയ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇവ പഠനവിധേയമാക്കിയശേഷമാണ് നെല്ലി ലാഹൗദിന്റെ നിഗമനങ്ങള്‍. അല്‍ ക്വയ്ദയെക്കുറിച്ച് ഗവേഷണം നടത്തിയ ആളുമാണ് നെല്ലി ലാഹൗദ്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഒളിവില്‍പോയ ലാദന്‍ മൂന്നുവര്‍ഷത്തോളം സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല.
2004 ല്‍ അനുയായികളുമായി വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് അമേരിക്കയ്ക്കു നേരേ വീണ്ടും ആക്രമണം നടത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →