*സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകി. കൊച്ചിയിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകൾ വർധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകൾ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകൾ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തിൽ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. തുടർച്ചയായി അവലോകന യോഗങ്ങൾ ചേർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണം. വാക്സിനേഷൻ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
ഭീതിപടർത്തുന്ന സാഹചര്യം നിലവിലില്ല. നിലവിൽ ഒരിടത്തും ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് തിങ്കളാഴ്ച 255 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325 പേർ രോഗമുക്തി നേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാൾ കൂടി കോവിഡ് കേസുകൾ ഇങ്ങനെ തുടരും. ഒരു വലിയ തരംഗം മുന്നിൽ കാണുന്നില്ലെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വർധിച്ചാൽ പ്രായമായവരെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ ഡോസ് എടുക്കാൻ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷൻ പരമാവധി ആളുകളിൽ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷൻ ശക്തിപ്പെടുത്തും.
ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതിയുണ്ട്. സ്വകാര്യ ലാബുകളിൽ കൂടിയ നിരക്കിൽ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, എൻ.എച്ച്.എം. പ്രോഗ്രാം ഓഫീസർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.