ഇടുക്കി : കഴിഞ്ഞ ആറുവര്‍ഷങ്ങളായി നിര്‍മാണ നിരോധനം അടക്കമുളള നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഇടുക്കി ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുകയാണെന്ന് ‘അതിജീവന പോരാട്ടവേദി’ ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ , ജനറല്‍ കണ്‍വീനര്‍ അഡ്വ. മഞ്ചേഷ്‌കുമാര്‍ എന്നിവര്‍ പ്രസ്‌താവിച്ചു. അപ്രഖ്യാപിത കുടിയിറക്കുഭീഷണി ഉയര്‍ത്തുന്ന
ബഫര്‍സോണ്‍,കാട്ടുമൃഗശല്യം,പട്ടയം റദ്ദാക്കല്‍, വനം വകുപ്പിന്റെ വഴിതടയല്‍, വനവിസ്‌തൃതി വര്‍ദ്ധിപ്പിക്കല്‍ , പട്ടയ വസ്‌തുവിന്റെ നികുതി സ്വീകരികരിക്കാതിരിക്കല്‍ തുടങ്ങി നിരവധി പദ്ധതികളിലൂടെ ഇടുക്കി ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന വിവിധ നടപടികള്‍ വിവിധ വകുപ്പുകളിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വീണ്ടും വീണ്ടും സങ്കീര്‍ണമായി തുടരുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഇതുവരെയും നടപ്പാക്കിയിട്ടില്ലാത്തതുമായ 12,000കോടയിടെ ഇടുക്കി പാക്കേജ് ജലരേഖയായി മാറുകയാണ് . ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികള്‍ക്കിടയിലും കോടിക്കണക്കിന് രൂപ മുടക്കി ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കോപ്പുകൂട്ടുകയാണ് സര്‍ക്കാര്‍ എന്നും അതിജീവന പോരാട്ടവേദി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇടുക്കി ജനതയുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാമുദായിക സംഘടനകളുമായി ആലോചിക്കുന്നതിലേക്കായി വിപുലമായ യോഗം വിളിച്ചിരിക്കുകയാണ് പോരാട്ട വേദി. 26.04.2022 ചെവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് അടിമാലി വ്യാപാരഭവനില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംഘടനാ പ്രതിനിധികളെ ക്ഷണിക്കുന്നതായി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ , ജനറല്‍ കണ്‍വീനര്‍ അഡ്വ. മഞ്ചേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.