തിരുവനന്തപുരം: പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി. പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്കാണ് യുവതി പരാതി നൽകിയത്.
പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ഇതിൽ പോലീസ് ബാലചന്ദ്രകുമാറിനെതിരേ കേസ് രജിസ്റ്റർ ചെയ്തതുമാണ്.
ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് കോടതി പരിഗണിച്ചിട്ടില്ല. മാത്രമല്ല ബാലചന്ദ്രകുമാർ ചാനൽ ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുന്നുമുണ്ട്. എന്നിട്ട് പോലും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംവിധായകനിൽ നിന്നും ഭീഷണിയുണ്ട്. കേസിൽ നിന്നും പിൻമാറാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.