കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെത്തുടർന്ന് ലൗ ജിഹാദ് പരാമർശം നടത്തിയതിന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസിനെതിരേ പാർട്ടി നടപടി. അദ്ദേഹത്തെ പരസ്യമായി ശാസിക്കും. ജോർജ് എം. തോമസിന്റേത് പാർട്ടിവിരുദ്ധനിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 2022 ഏപ്രിൽ 20 ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. നടപടിയുടെ കാര്യം സംസ്ഥാന സമിതി യോഗം ജില്ലാ സെക്രട്ടേറിയറ്റിനു വിടുകയായിരുന്നു.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് പാർട്ടിരേഖകളിലും പറയുന്നുണ്ട് എന്നായിരുന്നു ജോർജ് എം. തോമസിന്റെ പരാമർശം. ഇത് വിവാദമായതിനു പിന്നാലെ സി.പി.എം. ജില്ലാനേതൃത്വം ജോർജ് എം. തോമസിനെ തിരുത്തി. വിഷയത്തിൽ ചില പാളിച്ചകൾ സംഭവിച്ചതായി അദ്ദേഹം ഏറ്റുപറഞ്ഞിരുന്നു.
തെറ്റ് ഏറ്റ് പറഞ്ഞെങ്കിലും പാർട്ടി അംഗീകരിക്കാത്തതും, പാർട്ടി വിരുദ്ധവുമായ നിലപാടാണ് ജോർജ് എം. തോമസിൽ നിന്നുണ്ടായതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകർ ഏത് വിഷയത്തിൽ പ്രതികരിക്കുമ്പോഴും അത് പാർട്ടിയുടെ നിലപാട് ഉയർത്തിപിടിച്ചായിരിക്കണം പ്രതികരിക്കേണ്ടത്. ജോർജ് എം തോമസിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച പാർട്ടി വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്നും പി.മോഹനൻ ചൂണ്ടിക്കാട്ടി.

