കമ്മീഷന്‍തുക വെട്ടിക്കുറച്ച് സന്യാസി മഠങ്ങള്‍ക്കുള്ള ഗ്രാന്റ്: ബൊമ്മൈ സര്‍ക്കാര്‍ വെട്ടില്‍

ബംഗളുരു: കര്‍ണാടകത്തിലെ ബസവരാജ് ബൊെമ്മെ സര്‍ക്കാരിനെതിരേ കമ്മീഷന്‍ ആരോപണമുയര്‍ത്തി ലിംഗായത്ത് സന്യാസിവര്യന്‍. കമ്മീഷന്‍തുക വെട്ടിക്കുറച്ചാണ് സന്യാസി മഠങ്ങള്‍ക്കുള്ള ഗ്രാന്റ് സര്‍ക്കാര്‍ അനുവദിക്കുന്നതെന്നാണ് ആക്ഷേപം.സംസ്ഥാനത്തൊട്ടാകെ അനുയായികളുള്ള ലിംഗായത്ത് സന്യാസിവര്യനായ ദിന്‍ഗലേശ്വര സ്വാമിയാണ് ഗുരുതര ആരോപണമുയര്‍ത്തി ബസവരാജ് ബൊമ്മെ സര്‍ക്കാരിനെ വെട്ടിലാക്കിയത്. മഠങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി അനുവദിക്കുന്ന ഗ്രാന്റില്‍ 30 ശതമാനം തുക കമ്മീഷനായി സര്‍ക്കാര്‍ കൈക്കലാക്കുന്നതായാണു സ്വാമിയുടെ ആക്ഷേപം. ഈ തുക കുറച്ചാണ് ഗ്രാന്റ് വിതരണം. കമ്മീഷനു സമ്മതിക്കാത്ത മഠങ്ങള്‍ക്കു തുക അനുവദിക്കുന്നതു തടഞ്ഞു പ്രതികാരനടപടി സ്വീകരിക്കുന്നുമുണ്ട്. ഗ്രാന്റില്‍ 30 ശതമാനം വെട്ടിക്കുറവിനു സമ്മതിക്കാത്തപക്ഷം തുക വിതരണം ചെയ്യില്ലെന്ന് ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നാലു കോടി രൂപയുടെ കരാര്‍ പണികളുടെ ബില്ല് മാറിക്കിട്ടാന്‍ മന്ത്രി കെ.എസ്. ഈശ്വരപ്പ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്നു കാട്ടി യുവകരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുരുക്കിലായ ബൊെമ്മെ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ലിംഗായത്ത് സന്യാസിശ്രേഷ്ഠന്റെ വെളിപ്പെടുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →