തകര്‍ന്നടിഞ്ഞ് വിപണി

മുംബൈ: തുടര്‍ച്ചയായ അവധിക്ക് ശേഷം വിപണി പുനരാരംഭിച്ചപ്പോള്‍ സൂചികകള്‍ തകര്‍ന്നടിഞ്ഞു. പ്രധാന സൂചികകള്‍ ഇന്നലെ രണ്ട് ശതമാനത്തോളമാണ് ഇടിഞ്ഞത്. ആഗോള അനിശ്ചിതത്വവും രാജ്യത്തെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനവുമാണ് ഓഹരി വിപണിയെ കനത്ത നഷ്ടത്തിലെത്തിച്ച പ്രധാന ഘടകങ്ങള്‍.സെന്‍സെക്സ് 1,172 പോയിന്റ് നഷ്ടത്തില്‍ 57,166 ലിലും നിഫ്റ്റി 302 പോയിന്റ് താഴ്ന്ന് 17,173 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക് ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദംനേരിട്ടു. ഇന്‍ഫോസിസ് ഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് 5 ശതമാനത്തോളം ഇടിഞ്ഞ ഐടി ഓഹരി സൂചിക കനത്ത നഷ്ടമാണ് നേരിട്ടത്.എച്ച്.ഡി.എഫ്.സി. ബാങ്കിന്റെയും ഇന്‍ഫോസിസിന്റെയും മാര്‍ച്ച് മാസത്തിലെ ഫലം മോശമായതും ലോകത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതും പണപ്പെരുപ്പമുയരുന്നതുമാണ് ഓഹരി വിപണിയെ പിന്നോട്ട് വലിച്ചത്. ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി. ബാങ്ക്, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍. എന്‍.ടി.പി.സി., എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്.ഡി.എഫ്.സി. ലൈഫ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐടി സൂചിക 4.7ശതമാനമാണ് താഴ്ന്നത്. റിയാല്‍റ്റി, ബാങ്ക് സൂചികകള്‍ ഒരു ശതമാനംവീതവും നഷ്ടംനേരിട്ടു. അതേസമയം, ഓട്ടോ, മെറ്റല്‍, എഫ്എംസിജി ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായി. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →