കൊളംബോ: ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പുതിയ മന്ത്രിസഭ രൂപീകരിച്ചു. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ രൂപീകരണം. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജപക്‌സെയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നടപടികള്‍ തുടങ്ങുന്നതിനിടെയാണ് പുതിയ മന്ത്രിസഭാ രൂപീകരണം. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്ന് ഭരണകക്ഷിയിലെ ഒരു എംപി പറഞ്ഞു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയും പ്രധാനമന്ത്രിയും (മഹിന്ദ രാജപക്‌സെ) തുടരും.സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യത്തിന്റെ ക്ഷാമം രാജ്യം നേരിടുന്നു. ഇത് ഭക്ഷണവും ഇന്ധനവും ഇറക്കുമതി ചെയ്യാനുള്ള ശേഷിയെ ബാധിച്ചു. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ശ്രീലങ്കയെ സൗഹൃദ രാജ്യങ്ങളില്‍ നിന്ന് സഹായം തേടാന്‍ നിര്‍ബന്ധിതരാക്കി. ഇതിനിടയില്‍ രൂപം കൊണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരം ശ്രീലങ്കന്‍ മന്ത്രിസഭ രാജിവെക്കുകയായിരുന്നു.
ഗോതബയ രാജപക്‌സെ തുടരും: 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ രൂപീകരണം.
