എസ്ഡിപിഐ പോലുള്ള ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ ജനരോഷം ഉയരണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം ∙ ഭീകര ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ ഭീകര പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാരിന്റെ പിന്തുണയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ (45) കൊലപാതകത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാലക്കാട് മേലാമുറിയിൽ ശ്രീനിവാസൻ എന്ന ആർഎസ്എസ് പ്രവർത്തൻ അതിനിഷ്ഠൂരമായി കൊലപ്പെട്ട സംഭവം, വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനനിലയുടെ നേർക്കാഴ്ചയാണ്. പ്രതികളായ എസ്ഡിപിഐക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം. ഇപ്പോഴും സ്വൈര്യമായി വിഹരിക്കുന്ന പ്രതികൾക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികൾ ഉണ്ടായിട്ടില്ല. അവർക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തണം. പാലക്കാട് കേന്ദ്രമാക്കി എസ്ഡിപിഐ പോലുള്ള ഭീകര പ്രസ്ഥാനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് ഏറെ നാളായി. ആർഎസ്എസിന്റെയും ബിജെപിയുടെയും നേതാക്കന്മാരെ തിരഞ്ഞു പിടിച്ചു വധിക്കുകയെന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഇക്കാര്യത്തിൽ നിസംഗത പാലിച്ചു.

അവർക്ക് വളർന്ന് വികസിക്കാനുള്ള അനുകൂല കാലാവസ്ഥയും പിന്തുണയും കേരളത്തിൽ കിട്ടുന്നു. തങ്ങൾക്ക് വളരാനും ശക്തി പ്രാപിക്കാനും സാധിക്കുന്ന വളക്കൂറുള്ള മണ്ണാണ് കേരളം എന്ന് അവർ മനസ്സിലാക്കി. ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ ഭീകര പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടുവരുന്നതിന്റെ കാരണം ഇതാണ്.എസ്ഡിപിഐ പോലുള്ള ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ ജനരോഷം ഉയരണം. എല്ലാ ബഹുജന പ്രസ്ഥാനങ്ങളും കൈകോർത്തു പിടിച്ചുകൊണ്ട് ഭീകരവാദത്തെ ഒറ്റപ്പെടുത്താൻ ജനമുന്നേറ്റം നടത്തേണ്ടത് അനിവാര്യമായി തീർന്നിരിക്കുന്നു; കുമ്മനം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →