ന്യൂഡല്‍ഹി: റഷ്യയിലേക്കുള്ള കയറ്റുമതി 200 കോടി ഡോളര്‍ കൂടി അധികമാക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ. ഇതിനായി പല ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്കുവേണ്ടി റഷ്യന്‍ വിപണി കൂടുതല്‍ ഉദാരമാക്കാനുള്ള ചര്‍ച്ചകളിലാണു റഷ്യന്‍ അധികൃതരുമായി നരേന്ദ്രമോദി ഭരണകൂടം.
ഇരുരാജ്യങ്ങളുടേയും കറന്‍സിയില്‍ ഉഭയകക്ഷി വ്യാപാരം തുടരുന്നതിനുള്ള പണിമിടപാടു സംവിധാനം ഒരുക്കുന്നതിനായി ശ്രമം തുടരുന്നതിനിടെയാണ് നീക്കം. യു.എസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് ഷിപ്പ്മെന്റുകള്‍ നിര്‍ത്തിവച്ച രാജ്യങ്ങള്‍ വിതരണം ചെയ്ത ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.
ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്സ്, ജൈവ, അജൈവ വളങ്ങള്‍, വീട്ടലങ്കാരങ്ങള്‍, അരി, ചായ-കാപ്പി തുടങ്ങിയ പാനീയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, കന്നുകാലി ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണിത്. യു.എസും യൂറോപ്പും ഓസ്ട്രേലിയയും ജപ്പാനും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നു റഷ്യന്‍ എണ്ണവിലയിലുണ്ടായ ഇടിവു മുതലാക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരേ വ്യാപകവിമര്‍ശനമാണുയര്‍ന്നത്.
11/04/22 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഊര്‍ജാവശ്യങ്ങള്‍ക്ക് റഷ്യയെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്താന്‍ ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതി വൈവിധ്യവല്‍ക്കരിക്കുന്നതിനു സഹായിക്കാമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. യു.എസുമായുള്ള 6800 കോടി ഡോളറിന്റെ കയറ്റുമതിയുമായി താരതമ്യപ്പെടുത്തിയാല്‍ 300 കോടി ഡോളറിന്റേതു മാത്രമാണു റഷ്യയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി.ഉയര്‍ന്ന കടത്ത്- ലോജിസ്റ്റിക്കല്‍ ചെലവുകളും ഭാഷാ പ്രശ്നങ്ങളും അടക്കമുള്ളവയാണ് ഉഭയകക്ഷി വ്യാപാരം ഉയര്‍ത്തുന്നതിന് വെല്ലുവിളിയായിരുന്നത്. 2021 ഏപ്രിലില്‍ തുടങ്ങുന്ന 11 മാസത്തെ മൊത്തം ഉഭയകക്ഷി വ്യാപാരം 1180 കോടി ഡോളറിന്റേത് ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 810 കോടി ഡോളര്‍ കൂടുതല്‍.

