ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം

മോസ്‌കോ: നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും നീക്കം തുടങ്ങിയതോടെ സ്വരം കടുപ്പിച്ചു റഷ്യ. നാറ്റോയില്‍ ചേരാനുള്ള താല്‍പര്യം പ്രധാനമന്ത്രി സാന്ന മാരിന്‍ അറിയിച്ചതിനു പിന്നാലെ ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചു. ഫിന്‍ലന്‍ഡുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തിയാണു റഷ്യക്കുള്ളത്.സന്നാ മാരിന്റെ അറിയിപ്പ് പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളിലാണു റഷ്യന്‍ നീക്കം. നാറ്റോയില്‍ ചേരാനുള്ള യുക്രൈന്റെ നീക്കമാണു യുദ്ധത്തില്‍ കലാശിച്ചത്. ആയുധങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനവുമാണു ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ എത്തിച്ചതെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിന്‍ലന്‍ഡിന്റെ നീക്കം യൂറോപ്പിന്റെ സുരക്ഷക്ക് ഹിതകരമല്ലെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു.അതേ സമയം, അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഫിന്‍ലന്‍ഡ് തീരുമാനിച്ചു. നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 16.3 കോടി യൂറോ(ഏകദേശം 1350 കോടി രൂപ) അനുവദിച്ചു. നാറ്റോ രാജ്യങ്ങളുമായി അടുത്ത ബന്ധമാണു ഫിന്‍ലന്‍ഡിനുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വവുമുണ്ട്. പക്ഷേ, രണ്ടാം ലോകയുദ്ധത്തിനുശേഷം നിഷ്പക്ഷ നിലപാടാണു രാജ്യത്തിനുണ്ടായിരുന്നത്. നാറ്റോയിലോ സോവിയറ്റ് യൂണിയനു സ്വാധീനമുള്ള വാഴ്സോ സഖ്യത്തിലോ ചേരില്ലെന്ന് 1948 ല്‍ ഫിന്‍ലന്‍ഡ് പ്രഖ്യാപിച്ചിരുന്നു. 1995 ല്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായെങ്കിലും നാറ്റോ ബന്ധത്തിനു താല്‍പര്യം കാട്ടിയിരുന്നില്ല. എന്നാല്‍, യുക്രൈന്‍ യുദ്ധമാണു നിലപാട് മാറ്റത്തില്‍ കലാശിച്ചത്.

നാറ്റോയില്‍ ചേരാനുള്ള നിര്‍ദേശം അടുത്ത ആഴ്ച തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു സൂചന. പിന്നാലെ വോട്ടെടുപ്പുമുണ്ടാകും. റഷ്യ തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ഫിന്‍ലന്‍ഡില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ 84 ശതമാനംപേരും അറിയിച്ചിരുന്നു.സ്വീഡനില്‍ നാറ്റോ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കു ഭരണകക്ഷിയായ സോഷ്യന്‍ ഡെമോക്രാറ്റ്സ് തുടക്കമിട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രി മഗ്ദലിന ആന്‍ഡേഴ്സണ്‍ ചര്‍ച്ച തുടങ്ങിവച്ചത്.നാറ്റോയുടെ സഖ്യകക്ഷിയാണെങ്കിലും ശീതയുദ്ധത്തിനുശേഷം നിഷ്പക്ഷ നിലപാടാണു സ്വീഡനുള്ളത്. നാറ്റോ അംഗത്വം സ്വീകരിക്കുന്നതില്‍ സ്വീഡനിലെ 35 ശതമാനം പേര്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നാറ്റോ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സ്വീഡിഷ് വിദേശകാര്യമന്ത്രി പെക്ക ഹാവിസ്റ്റോ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് ഇരുരാജ്യങ്ങളും അപേക്ഷ നല്‍കിയാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോട്ടന്‍ബര്‍ഗ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →