വിദേശകടം തീര്‍ക്കാന്‍ നിവൃത്തിയില്ലെന്ന് ലങ്ക

കൊളംബോ: 5100 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ ധനമന്ത്രാലയം. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യാന്തരനാണയനിധി(ഐ.എം.എഫ്)യുടെ സഹായം അഭ്യര്‍ഥിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ സ്വയം പാപ്പരായി പ്രഖ്യാപിച്ചത്. വായ്പ നല്‍കിയവര്‍ അതിന്റെ പലിശ രാജ്യത്ത് മൂലധനനിക്ഷേപമാക്കി മാറ്റുകയോ ശ്രീലങ്കന്‍ രൂപയില്‍ സ്വീകരിക്കാന്‍ തയാറാവുകയോ വേണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു.കൂടുതല്‍ സാമ്പത്തികത്തകര്‍ച്ച തടയാനുള്ള അവസാനശ്രമമെന്ന നിലയിലാണ് ഈ അടിയന്തര നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയുടെ വിദേശകടത്തിന്റെ 10% വീതം ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ് ഇന്ത്യയുടെ വിഹിതം അഞ്ചുശതമാനത്തില്‍ താഴെയാണ്.

അയല്‍രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ഇന്ധനവും മരുന്നും ഭക്ഷ്യധാന്യങ്ങളുമായി ഇന്ത്യ സഹായമെത്തിക്കുമ്പോള്‍, തങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ വായ്പ അനുവദിക്കാമെന്ന നിലപാടിലാണ് ചൈന. അതേസമയം, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തുടര്‍ച്ചയായി നാലാം ദിവസവും അദ്ദേഹത്തിന്റെ ഓഫീസിനു മുന്നില്‍ താവളമടിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →