ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം

കന്യാകുമാരി: സാമ്പത്തിക പ്രതിസന്ധി ദുരിതം തീര്‍ത്ത ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയിരിക്കുന്നത്. ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് സംഘങ്ങളായാണ് ഇവര്‍ വന്നത്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടി പിന്നാലെ ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്.കടല്‍ അതിര്‍ത്തിക്കടുത്തുള്ള ചെറുമണല്‍ തിട്ടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ജാഫ്ന സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വന്നവരെന്നാണ് വിവരം. സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ധാരാളം പേര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നാണ് നേരത്തെ എത്തിയ അഭയാര്‍ഥികള്‍ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →