ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഡാംസുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. മേൽനോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി 09/04/22 പ്രസ്താവിക്കും.
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിലവിലെ അധ്യക്ഷൻ ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് ആണ്. സമിതിയിലെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികൾ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിൽപ്പെട്ടവരാണ്. അംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യക്ഷൻ ജൂനിയറാണെന്നാണ് കേരളത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ തന്നെ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെയും അധ്യക്ഷൻ ആകണമെന്നും കേരളം ആവശ്യപ്പെട്ടു.
എന്നാൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ മറ്റ് 21 സമിതികളുടെ അധ്യക്ഷൻ ആണെന്നും അതിനാൽ മേൽനോട്ട സമിതിയുടെ അധ്യക്ഷനാകാൻ പറ്റില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2014 മുതൽ അധ്യക്ഷ സ്ഥാനത്ത് തുടർന്ന് വരുന്ന ആളെ പെട്ടെന്ന് മാറ്റുന്നത് ശരിയല്ലെന്ന നിലപാട് കോടതിയും സ്വീകരിച്ചു. അധ്യക്ഷനെ മാറ്റുകയാണെങ്കിൽ മറ്റ് അംഗങ്ങളെയും മാറ്റേണ്ടി വരും. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.