തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിയെ സ്കൂളിൽ നിന്നു കൊണ്ടുവന്നിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതി.
സ്കൂളിൽ നിന്നും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. 2012 നവംബർ മുതൽ 2013 മാർച്ച് വരെയാണ് ഓട്ടോ ഡ്രൈവർ കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്.
പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയിൽ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തി. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു

