തമിഴ് സംവിധായകൻ ആറ്റ്ലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനിരിക്കുന്നു.
ഷാറൂഖ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ തീരെ ചെറിയ ഒരു ഷെഡ്യൂള്‍ നേരത്തേ നടന്നിരുന്നു.നയന്‍താരയും പ്രിയാമണിയും ഇതില്‍ ഭാഗമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ഷാറൂഖ് ഖാന്‍ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ സൂചനകള്‍ നല്‍കുന്നത്. വിജയുടെ വലിയ ഫാനായ ആറ്റ്ലിക്കൊപ്പം ഇരിക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഷാറൂഖിന്റെ ട്വീറ്റ്.
2018ല്‍ പുറത്തിറങ്ങിയ സീറോ പരാജയമായതിനു പിന്നാലെ സ്വമേധയാ ഇടവേളയിലേക്ക് പോയ ഷാറൂഖ് ഖാന്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തിരക്കഥയിലെ തിരുത്തലുകളും മറ്റ് തടസങ്ങളും മൂലം ചിത്രം നീണ്ടു പോകുകയായിരുന്നു. ഇതിനിടെ അടുത്ത വർഷം ജനുവരിയിൽ തിയേറ്ററിൽ എത്താനിരിക്കുന്ന ‘പത്താന്‍’ എന്ന മറ്റൊരു ചിത്രത്തില്‍ താരം ജോയിന്‍ ചെയ്തിട്ടുണ്ട്.
തന്റെ തമിഴ് ചിത്രങ്ങള്‍ക്കു സമാനമായി ഒരു മാസ് മസാല ചിത്രം തന്നെയാണ് ഷാറൂഖിനായി ആറ്റ്ലി ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. സാംകി എന്ന് ഈ ചിത്രത്തിന് പേരിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

