ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ്: സംസ്ഥാനതല ഡ്രൈവ് നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മെയ് 15നകം പരമാവധി ഭിന്നശേഷിക്കാർക്ക് കാർഡിനായുള്ള രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവിൽ രജിസ്റ്റർ ചെയ്തവർക്കുള്ള കാർഡുകൾ ഇതോടൊപ്പം ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഡ്രൈവ് നടത്തുക. 2015ലെ സെൻസെസ് പ്രകാരം സംസ്ഥാനത്ത് എട്ടുലക്ഷത്തിൽപ്പരം ഭിന്നശേഷിക്കാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, നിലവിൽ യുഡിഐഡി കാർഡ് ലഭിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം മാത്രമാണ്.

ഭിന്നശേഷിവിഭാഗക്കാർക്ക് ഏത് ആനുകൂല്യം ലഭിക്കാനും യുഡിഐഡി കാർഡ് നിർബന്ധമാണ്. അതിനാലാണ് പരമാവധി പേർക്ക് കാർഡ് ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇക്കാര്യം ആലോചിക്കാൻ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഭിന്നശേഷി കമ്മീഷണർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിലെയും സാമൂഹ്യനീതി ഡയറക്ട്രേറ്റിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →