തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ചോദ്യപേപ്പർ ചോർന്നതായി പരാതി. 2022 മാർച്ച് 27-ന് നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചോദ്യങ്ങൾക്ക് പണം ആവശ്യപ്പെടുന്ന ശബ്ദ രേഖ മാധ്യമങ്ങൾക്ക് ലഭിച്ചു.
സഹകരണ സർവീസ് ബോർഡ് ആണ് ഈ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 93-ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്ന് വ്യാപകപരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സഹകരണ പരീക്ഷാ ബോർഡിന് പരാതി ലഭിച്ചിട്ടുണ്ട്. പരീക്ഷയുടെ തലേദിവസം, ഒരു ഉദ്യോഗാർഥിയും ചോദ്യപേപ്പർ ചോർത്തിയെന്ന് കരുതിയ ആളും തമ്മിൽ നടന്നെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നതാണ് തെളിവായി മാറിയത്. ചോദ്യവും ഉത്തരവും പറഞ്ഞുനൽകാം, പണം നൽകണം എന്നാണ് ഈ ഓഡിയോ ക്ലിപ്പിലുളളത്.കോഴിക്കോട് കേന്ദ്രീകരിച്ച്, പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിലെന്നാണ് ആരോപണം വന്നിരിക്കുന്നത്.

