കെ.എസ്.ആര്‍.ടി.സി യില്‍ ഭാ​ഗീക ശമ്പളത്തോട് കൂടിയുള്ള അവധി സമ്പ്രദായം നടപ്പിലാക്കി തുടങ്ങി

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി യിലെ അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റും ചേര്‍ന്ന് ഒപ്പ് വച്ച സേവന വേതന കരാര്‍ 2021 അടിസ്ഥാനമാക്കി കെ.എസ്.ആര്‍.ടി.സി യില്‍ ഫർലോ ലീവ് (ഭാ​ഗീക ശമ്പളത്തോട് കൂടിയുള്ള അവധി) സമ്പ്രദായം നടപ്പിലാക്കി തുടങ്ങി. അന്‍പത് ശതമാനം ശമ്പളത്തോടു കൂടി പരമാവധി അഞ്ച് വര്‍ഷക്കാലം വരെ കണ്ടക്ടര്‍ വിഭാഗത്തില്‍പെട്ട 37 ജീവനക്കാരും, 10 മെക്കാനിത്തൽ വിഭാ​ഗം ജീവനക്കാരുമാണ് ആദ്യഘട്ടത്തിൽ ഫർലോ ലീവ് നേടിയത്. ഈ 47 പേരുടെ ശമ്പള ഇനത്തിൽ തന്നെ പ്രതിമാസം 10 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലാഭിക്കാനാകും.

ഫർലോയ്ക്ക് ഇത്രയേറെ പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർക്കും, ഓഫീസ് വിഭാ​ഗം ജീവനക്കാർക്കും ഈ പദ്ധതി വ്യാപിക്കാനും, ഇതിൽ അപേക്ഷിക്കാനുള്ള പ്രായപരിധിയായ 45 വയസ് എന്നത് കുറയ്ക്കുന്ന കാര്യം ബോർഡിന്റെ സജീവ പരി​ഗണനയിലുമാണ്. ഫർലോ ലീവ് എടുക്കുന്ന ജീവനക്കാർക്ക്, ജോലിയിലുള്ള ജീവനക്കാരോടൊപ്പം തന്നെ കൃത്യമായി ശമ്പളം നൽകുമെന്നും അതിന് വേണ്ട പരിഷ്കാരങ്ങൾ സ്പാർക്കിൽ വരുത്തുന്നതിന് വേണ്ടി എൻ.ഐ.സിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

പകുതി ശമ്പളത്തില്‍ നിന്നും നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്റൽ / നോണ്‍ ഡിപ്പാര്‍ട്ട്മെന്റ്ല്‍ റിക്കവറികള്‍ കഴിച്ചുള്ള തുകയാവും ഫർലോ സമ്പ്രദായത്തില്‍ വരുന്ന ജീവനക്കാര്‍ക്ക് നല്‍കുക. അവധിയിൽ ഇരിക്കുന്ന ജീവനക്കാരിന് (ഫർലോ കാലയളവിൽ) വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ കണക്കാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഗ്രേഡ് പ്രൊമോഷന്‍ ഉള്‍പ്പടെയുള്ള പ്രോമോഷനുകള്‍ക്ക് ഈ കാലയളവ് പരിഗണിക്കുകയില്ല. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്ത് വരുന്ന കോര്‍പ്പറേഷന് ഫർലോ സമ്പ്രദായം ഗുണകരമാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തൽ. കേരളത്തിൽ ആദ്യമായി സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഫർലോ ലീവ് സമ്പ്രദായം നടപ്പിലാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →