കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തിനിൽക്കേ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോഴിക്കോട് ജില്ലാ സി ബ്രാഞ്ച് എ സി പി ശ്രീജിത്തിനെ വയനാട് സ്‌പെഷൽ ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. . അനിൽ ശ്രീനിവാസിനെയാണ് പകരം നിയമിച്ചത്. അച്ചടക്ക നടപടിയെ തുടർന്ന് ഏറെനാളായി അനിൽ ശ്രീനിവാസിന് പോസ്റ്റിങ്ങ് നൽകാതിരിക്കുകയായിരുന്നു.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്കും നീങ്ങിയിരുന്നു. തെലങ്കാനയിൽ സമാനകേസിൽ പിടിയിലായ തൊടുപുഴ സ്വദേശി റസൽ, കെടി റമീസിന് വേണ്ടി താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വർണം കടത്തിയതിന് കസ്റ്റംസും എൻഐഎയും എൻഫോഴ്സമെന്റും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് കെടി റമീസ്. റമീസിന് വേണ്ടി താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ റസൽ തെലങ്കാന പൊലീസിന് നൽകിയ മൊഴി. കൂടാതെ സ്വർണം കടത്താൻ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കും കടത്ത് സംഘത്തിനുമിടയിലെ ഏജൻറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് തെലങ്കാന പൊലീസിന്റെ കണ്ടെത്തൽ.
റസലിനെ 2020ൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. റസലും ഇതേ കേസിൽ പ്രതിയായ ഇപ്പോൾ ഒളിവിൽ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേർന്നാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയതെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തൽ. സമാന്തര എക്സ്ചേഞ്ചുകൾക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളിൽനിന്നും വൻതോതിൽ സിംകാർഡുകളെത്തിച്ചു നൽകിയതും റസാലാണെന്നാണ് നിഗമനം. ഈ സിംകാർഡുകളുപയോഗിച്ച് ഓൺലൈൻ പെയ്മെന്റ് ആപ്പുകൾ വഴി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഈ ഇടപാടുകൾ സ്വർണകടത്തിലെ ഇടപാടുമായി ബന്ധപ്പെട്ട പണമാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമേ സ്വർണ ഖനനം നടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും കേസിലെ പ്രതികൾ എക്സ്ചേഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതും സ്വർണകടത്ത് സംഘങ്ങൾക്ക് വേണ്ടിയാണെന്നാണ് നിലവിലെ നിഗമനം. നേരത്തെ കൊയിലാണ്ടിയിൽ സ്വർണ കടത്ത് കാരിയറായ ഹനീഫയെ തട്ടികൊണ്ടുപോയ കടത്ത് സംഘം മോചിപ്പിക്കാൻ പണമാവശ്യപ്പെട്ട് വിളിച്ചത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥർ വീണ്ടും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസ് വിവരങ്ങൾ ശേഖരിച്ചു.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾക്ക് കെ ടി റമീസുമായുള്ള ബന്ധമടക്കം പൊലീസ് കേന്ദ്ര ഏജൻസികളെ അറിയിച്ചു കഴിഞ്ഞു. തീവ്രവാദബന്ധമടക്കം ആരോപിക്കപ്പെടുന്ന കേസിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവരുമോയെന്നാണ് ഇനി അറിയേണ്ടത്

