പത്തനംതിട്ട : സില്‍വര്‍ലൈന്‍ പദ്ധതിക്കായുളള സര്‍വേ നടത്തിയ ഭൂമിയില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്കവായ്‌പ നിഷേധിച്ചു. കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുളള വായ്‌പ നിഷേധിച്ചത്. ചെങ്ങരച്ചിറ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ 22 സെന്റ് ഭൂമി ഈടുവച്ച് 20 ലക്ഷം രുപ ലോണ്‍ അനുവദിച്ചിരുന്നു. അതിന്റെ ആദ്യഗഡുവായി അഞ്ചുലക്ഷം രൂപ നല്‍കുകയും ചെയ്‌തു. പിന്നീടാണ് ഈടുവച്ച ഭൂമിയിലൂടെ സില്‍വര്‍ലൈന്‍ കടന്നുപോകുന്നതായി മനസിലാക്കിയത് ബാക്കി തുക അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍. നല്‍കിയ തുക തിരികെ നല്‍കണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.
നേരത്തെ ഇതുസംബന്ധിച്ച ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിശദീകരണ യോഗത്തിന് തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

