മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൽ മജീദ് പൊലീസ് കസ്റ്റഡിയിൽ. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിന്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്. അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ 2022 മാർച്ച് 31ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക.
തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീൽ രാത്രി ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആക്രമിച്ചത്. പയ്യനാട് വെച്ചാണ് അബ്ദുൾ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുൾ ജലീലിനെ ആക്രമിച്ചത്. പാർക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുൽ ജലീലടക്കമുള്ള മൂന്ന് പേർ കാറിലാണ് ഉണ്ടായിരുന്നത്. തർക്കത്തിന് പിന്നാലെ കാറിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെൽമറ്റ് ഏറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് ആദ്യം തകർത്തു. പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ജലീലിനെ വാളെടുത്ത് വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തിൽ മുറിവേറ്റത്.
ഗുരുതരമായി പരിക്കേറ്റ അബദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുൾ ജലീൽ മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡ് മുസ്ലീം ലീഗ് കൗൺസിലറാണ്. ആക്രമണത്തിന് രക്ഷപെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്

