ഇന്ധനവില, സ്‌പെയർ പാർട്ട്‌സ് വില, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വർദ്ധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ബസ്, ഓട്ടോ-ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ്ജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ്സുകളുടെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയിൽ നിന്ന് ഒരു രൂപയായും വർധിപ്പിക്കും. വിദ്യാർഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
ഓട്ടോറിക്ഷകൾക്ക് രണ്ട് കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് രണ്ട് കിലോമീറ്റർ വരെ 35 രൂപയും തുടർന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും.
1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയുമായിരിക്കും. 1500 സിസിക്ക് അധികമുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ മിനിമം ചാർജ് 225 രൂപയും, തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.
വെയ്റ്റിംഗ്ചാർജ്, രാത്രിയാത്ര തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുമെന്ന് മന്ത്രി അറിയിച്ചു.