തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഈ ആവശ്യത്തിലേക്കായി ഇത്രയും വർദ്ധിച്ച തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
ബജറ്റ് വിഹിതമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും 75 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ആദ്യം 1.7 കോടിയും ഇപ്പോൾ അഞ്ച് കോടി രൂപയുമാണ് അധിക തുകയായി അനുവദിച്ചിട്ടുള്ളത്. കുടിശിക തുക മുൻഗണനാ ക്രമത്തിൽ ഉടൻ കൊടുത്തു തീർക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള തുക വിവിധ സർക്കിളുകളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് കൈമാറി കഴിഞ്ഞു.
വന്യജീവി ആക്രമണത്തിന് വിധേയരായ പാവപ്പെട്ട കുടുംബങ്ങളുടെ പ്രയാസവും ദുരിതങ്ങളും ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വിഷയത്തിൽ അദ്ദേഹം പ്രത്യേക താൽപര്യമെടുത്തതിന്റെ ഫലമായാണ് ഇത്രയും തുക അനുവദിച്ചുകിട്ടിയിട്ടുള്ളത്. ഈ വിഷയത്തിന്റെ ഗൗരവം എടുത്തുകാണിച്ച മാധ്യമപ്രവർത്തകരെ വനം മന്ത്രി അഭിനന്ദിച്ചു.
മേൽ പ്രസ്താവിച്ച തുക കൂടാതെ സ്റ്റേറ്റ് പ്ലാൻ ഫണ്ടിലെ എം.ആർ.എം.എ.സി, ബയോഡൈവേഴ്‌സിറ്റി സംരക്ഷണം എന്നീ രണ്ട് ശീർഷകങ്ങളിൽ നിന്നായി 8,05,45,823 രൂപയും പ്രോജക്റ്റ് എലിഫന്റ് ഫണ്ടിൽ നിന്ന് 57,80,915 രൂപയും വന്യജീവി ആവാസ വ്യവസ്ഥയുടെ സംയോജിത വികസന ഫണ്ടിൽ നിന്നും 10,72,727 രൂപയും ആയി ആകെ 8,73,99,465 രൂപ ഈ സാമ്പത്തിക വർഷം നൽകി കഴിഞ്ഞിട്ടുണ്ട്. ഇപ്രകാരം ഈ സാമ്പത്തിക വർഷം ആകെ 15,43,99,465 രൂപ നഷ്ട പരിഹാരത്തിനായി വിനിയോഗിച്ചിരിക്കുകയാണ്. അപ്രകാരം കുടിശിക തുകയിൽ 90 ശതമാനം ഇതോടെ കൊടുത്തു തീർക്കുന്നതാണ്. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുക അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മുൻപൊരിക്കലും ചെയ്തിട്ടില്ലാത്ത വിധമാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകുന്നതിനായി ഒരു സാമ്പത്തിക വർഷം വിനിയോഗിക്കുന്നത്.
വന്യജീവി ആക്രമണം മൂലം ആൾനാശവും കൃഷി നാശവും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. അഞ്ച് വർഷംകൊണ്ട് നടപ്പിലാക്കേണ്ടുന്ന 620 കോടി രൂപയുടെ ഒരു പദ്ധതിയും വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആയത് ബഹു.മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയ്ക്കും കൈമാറിയിട്ടുണ്ട്.

