കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം വലയുന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ. 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കക്ക് നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചത്. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനം.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വൈകാതെ ശ്രീലങ്കക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാസം തോറുമുള്ള ഏഴ് പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഇന്ധനം എന്നിവയുടെ ഷിപ്‌മെന്റുകള്‍ക്ക് പുറമെയായിരിക്കും ഇത്.
500 മില്യണ്‍ ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റിനാണ് ഇന്ത്യ ലങ്കക്ക് ഇന്ധനം നല്‍കുന്നത്. ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിച്ചത്.
പാചകവാതകമടക്കമുള്ള ഇന്ധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളോട് ലങ്ക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നേരത്തെ, മാര്‍ച്ച് 17ന് ശ്രീലങ്കക്ക് ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല കണ്‍സഷണല്‍ ലോണും ഇന്ത്യ അനുവദിച്ചിരുന്നു.
ശ്രീലങ്കയുടെ കാര്‍ഷിക, കയറ്റുമതി, ടൂറിസം മേഖലകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
അരി, പാല്‍, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില കുത്തനെ വര്‍ധിക്കുകയും ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും കാരണമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നതും രാജ്യത്ത് കലാപ സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കുന്നതും.
സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. ഡോളറിന് വന്‍ ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഇതേത്തുടര്‍ന്ന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണ്.
രാജ്യത്ത് നിന്നുള്ള കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ശ്രീലങ്കയില്‍ ഡോളര്‍ ക്ഷാമത്തിന് വഴിവെച്ചത്. ഇതോടെ അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടുകയായിരുന്നു. രജപക്സെ ഭരണകൂടമാണെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം, എന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രസിഡന്റ് ഗോടബയ രജപക്സെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ, ധനമന്ത്രി ബാസില്‍ രജപക്സെ എന്നിവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. പ്രസിഡന്റ് രാജിവെക്കണമെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.
രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സ് അഥവാ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) ആണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.