മലപ്പുറം: ആരോഗ്യ മേഖലക്കും ഭവന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മലപ്പുറം: ആരോഗ്യ മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കി കൊണ്ടോട്ടി ബ്ലോക്ക്. 12,6179000 രൂപ വരവും 11,7346470 രൂപ ചെലവും 8832530രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 4000000 രൂപയും വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 3300000 രൂപയും സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 24200000 രൂപയും ബജറ്റില്‍ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിലെ ഭവന രഹിതരായ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യപ്രാപ്തിക്കായി 10598986 രൂപയും റോഡ് വികസനത്തിനായി 10000000 രൂപയും സാമൂഹ്യ സുരക്ഷാ മിഷന്റെ പങ്കാളിത്തത്തോടെ വയോജന ക്ഷേമം ലക്ഷ്യമിട്ട് എല്ലാ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും വയോമിത്രം ക്ലിനിക്കുകള്‍ തുടങ്ങുന്നതിന് 15000000 രൂപയും നീക്കിവെച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ക്കായി 4458000 രൂപയും ഭിന്നശേഷി കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പിന്  5000000 രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആസ്തി പരിപാലനത്തിനും 5000000 രൂപയാണ് വകയിരുത്തല്‍. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഗുഡ്ബൈ വാട്ടര്‍ ടാങ്കര്‍ ‘ എന്ന പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജിങ് പദ്ധതി നടപ്പാക്കാനും പദ്ധതിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ മുഹസില ഷഹീദ്, വി.പി അബ്ദുല്‍ ഷുക്കൂര്‍, കെ.ടി റസീന ടീച്ചര്‍, വിമല പാറകണ്ടത്തില്‍, അബൂബക്കര്‍, അഡ്വ. മുജീബ്, സെക്രട്ടറി എന്‍ സുരേന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →