ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് പ്രഖ്യാപനം നടത്തി ഫിഫ.ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ബുധനാഴ്ച ഖത്തര്‍ സമയം ഉച്ച ഒരുമണിക്ക് (ഇന്ത്യന്‍ സമയം 3.30) തുടങ്ങുന്ന ബുക്കിങ് മാര്‍ച്ച് 29 ഉച്ച 12 മണിയോടെയാണ് അവസാനിക്കുക.
നേരത്തെ ബുക്ക് ചെയ്തവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാനായിരുന്നു അവസരമെങ്കില്‍, ഇത്തവണ അതുമാറും.ഫിഫ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യമുള്ള മത്സരങ്ങള്‍ തെരഞ്ഞെടുത്ത് അതേസമയം തന്നെ പണമടച്ച് ബുക്ക് ചെയ്യുന്നതാണ് രീതി. ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റ് ലഭിക്കുകയെന്ന് ഫിഫ അറിയിച്ചു.മത്സരങ്ങള്‍ തെരഞ്ഞെടുത്ത്, വിജയകരമായി പണമടക്കുന്നതോടെ ടിക്കറ്റും ഉറപ്പിക്കാനാകും.

