ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിമതശബ്ദം ഉയര്‍ത്തിയ ജി 23 നേതാക്കളുടെ യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയായ 10 ജന്‍പഥിലായിരുന്നു ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച. ‘തിരുത്തല്‍വാദി’ സംഘത്തിലെ മറ്റ് നേതാക്കളുമായും സോണിയ ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. നേരത്തെ ജി-23 നേതാക്കളിലൊരാളായ മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവര്‍ത്തക സമിതിക്ക് ശേഷം രണ്ട് തവണ ചേര്‍ന്ന ഗ്രൂപ്പ് 23 യോഗത്തിന്റെ പൊതുവികാരം ഗുലാം നബി സോണിയയെ ധരിപ്പിച്ചു.കൂട്ടായ ചര്‍ച്ചകളിലൂടേയും കൂടിയാലോചനയിലൂടെയും മാത്രമേ മുന്നോട്ടുപോകാനാവൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സഖ്യങ്ങള്‍ രൂപപ്പെടുത്തണം. സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സംഘടന തിരഞ്ഞെടുപ്പില്‍ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ആസാദ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനായി സമാനമനസ്‌കരുമായി കൂട്ടായ്മ ഉണ്ടാക്കാന്‍ ചര്‍ച്ച ആരംഭിക്കുന്നതടക്കം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ സോണിയാ ഗാന്ധിയുമായി ഗുലാം നബി ആസാദ് ചര്‍ച്ച ചെയ്തു.
തിരുത്തല്‍വാദി സംഘത്തിലെ നേതാക്കളുമായി കൂടികാഴ്ച നടത്താന്‍ സോണിയ: ഗുലാം നബി ആസാദിനെ കണ്ടു
