26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിച്ചു. കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ച താഴ്ചകളും മനുഷ്യ മനസിന്റെ സന്തോഷവും സന്താപവുമെല്ലാം പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങളാകും വരുന്ന ഒരാഴ്ചത്തെ മേളയിൽ തെളിയുകയെന്നു പ്രതീക്ഷിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 25 വരെയാണു മേള. ഐഎസ് ഭീകരാക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. ലിസ ചലാന്റെ ജീവിതവും സർഗസൃഷ്ടികളും അതിജീവനത്തിന്റെ ഉദാഹരണവും ചെറുത്തുനിൽപ്പുകളെ ആയുധംകൊണ്ടു നിശബ്ദമാക്കാൻ കഴിയില്ല എന്ന സന്ദേശവുമാണു നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും ലിംഗസമത്വം ഉറപ്പാക്കാൻ നടത്തുന്ന ഇടപെടലുകൾക്കും ഊർജം പകരുന്നതാണ് ഈ അംഗീകാരം.
രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വനിതയാണെന്നത് അഭിമാനകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വനിതാ സംവിധായകർക്കു സർക്കാർ ധനസഹായം നൽകുന്ന പദ്ധതിപ്രകാരമാണ് ഇതു നിർമിക്കപ്പെട്ടത്. സിനിമ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പം സർക്കാരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നടി ഭാവന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സിനിമ, സീരിയൽ രംഗമടക്കം സമസ്ത മേഖലകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്നും ഭാവന കേരളത്തിന്റെ റോൾ മോഡലാണെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയുടെ വളർച്ചയ്ക്കായി 10 കോടി ചെലവിൽ പുതിയ സിനിമ അക്കാദമി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് ലോക സിനിമയെക്കുറിച്ചും ഇന്ത്യൻ സിനിമയെക്കുറിച്ചും പഠിക്കാനുള്ള കേന്ദ്രമായി ഇതു മാറും. ചിത്രാഞ്ജലി സ്റ്റുഡിയോ ആധുനിക ഷൂട്ടിങ് കേന്ദ്രമാക്കി മാറ്റാൻ 150 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നൽകി പ്രകാശനം ചെയ്തു. ഡെയിലി ബുള്ളറ്റിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പ് വി.കെ. പ്രശാന്ത് എം.എൽ.എ പ്രകാശനം ചെയ്തു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ ഏറ്റുവാങ്ങി. പ്രശസ്ത നടനും സംവിധായകനുമായ അനുരാഗ് കശ്യപ്, ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിലെ നായിക അസ്മരി ഹഖ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.