കൊച്ചി: കളമശേരിയില്‍ മണ്ണിടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ കുഴികള്‍ അടുത്തടുത്തായി വരുന്നത് അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും ഈ മേഖലയിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇലക്ട്രോണിക് സിറ്റിയില്‍ അല്‍പ സമയത്തിന് മുന്‍പാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഊര്‍ജിതമായി തെരച്ചില്‍ നടക്കുന്നുണ്ട്. മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

