വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: കേന്ദ്രനയം ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രതിരോധ സേനകളിലെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ചു സുപ്രീം കോടതി. ”ഒരേ റാങ്കിലുള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കണമെന്നു നിയമം അനുശാസിക്കുന്നില്ല. ഉദ്യോഗസ്ഥരില്‍ ചിലര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. അത് അവരുടെ പെന്‍ഷന്‍ തുകയിലും പ്രതിഫലിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സമാന റാങ്കിലുള്ളവരുടെ പെന്‍ഷനിലും അന്തരമുണ്ടാകും. സമാന റാങ്കുകാരാണെന്ന വാദമുയര്‍ത്തി പെന്‍ഷനിലും തുല്യതയെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ല”- ജസ്റ്റിസ് ഡി.ൈവെ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്തും വിക്രം നാഥും അംഗങ്ങളായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

വിഷയത്തില്‍ വിമുക്തഭടന്മാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഒരേ റാങ്കും സര്‍വീസ് കാലയളവുമുള്ളവരുടെ വ്യത്യസ്ത പെന്‍ഷന്‍ ചൂണ്ടിക്കാട്ടിയാണ് വിമുക്തഭടന്മാരുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ നിര്‍വചനംതന്നെ മാറ്റിമറിക്കുന്നതാണ് കേന്ദ്രനയമെന്നു പരാതിക്കാര്‍ വാദിച്ചു. കേന്ദ്രനയം ഭരണഘടനാപരമായി ദുര്‍ബലമാണെന്ന നിരീക്ഷണം തങ്ങള്‍ക്കില്ലെന്നു ബെഞ്ച് വ്യക്തമാക്കി. പ്രതിരോധ സേനാവിഭാഗങ്ങള്‍ക്കായി 2015-ലാണ് കേന്ദ്രസര്‍ക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നയം പ്രാബല്യത്തിലാക്കിയത്.
വിരമിക്കല്‍ തീയതി വ്യത്യാസമില്ലാതെ മുഴുവന്‍ പെന്‍ഷന്‍കാരും ഒ.ആര്‍.ഒ.പി. നിര്‍വചനത്തിന്‍ കീഴില്‍ വരുമെന്നു കോടതി വ്യക്തമാക്കി. പെന്‍ഷന്‍ കണക്കാക്കാനുള്ള അടിസ്ഥാനശമ്പളം നിര്‍ണയിക്കാന്‍മാത്രമാണ് കട്ട് ഓഫ് തീയതി ഉപയോഗിക്കുന്നത്. 2014 നു ശേഷം വിരമിച്ചവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമാകും പെന്‍ഷന്‍ കണക്കാക്കാന്‍ സ്വീകരിക്കുന്നത്. 2013 നു മുമ്പ് വിരമിച്ചവര്‍ക്ക് 2013-ലെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയാകും പെന്‍ഷന്‍ നിശ്ചയിക്കുക. ഓരോ അഞ്ചു വര്‍ഷത്തിലും പെന്‍ഷന്‍ പുനര്‍നിര്‍ണയം നടക്കുമെന്നു കേന്ദ്രനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂെലെ ഒന്ന് അടിസ്ഥാനമാക്കി പെന്‍ഷന്‍ പുനര്‍നിര്‍ണയിക്കണം. നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അര്‍ഹരായവര്‍ക്ക് 2019 ജൂെലെ ഒന്നു മുതലുള്ള കുടിശിക കണക്കുകൂട്ടി മൂന്നു മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →