ബോധ്ഗയ ബോംബ് സ്ഫോടനം: ബംഗ്ലാദേശി ഭീകരര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നാലു ബംഗ്ലാദേശി ഭീകരര്‍ അറസ്റ്റില്‍. മുഹമ്മദ് എന്ന ഫസര്‍ അലി (32), അഹമ്മദ് എന്ന മുഹമ്മദ് അഖീല്‍ (24), സഹൂദുദീന്‍ (28), അക്രം അല്‍ ഹസന്‍ എന്നിവരാണ് പിടിയിലായത്. 2018ലെ ബോധ്ഗയ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത ജമാത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഇവര്‍. ഭോപ്പാലിലെ കരോന്ദ്, അയ്സാബാഗ് എന്നിവിടങ്ങളിലായി നടന്ന പരിശോധനയിലാണ് നാല്‍വര്‍സംഘം വലയിലായതെന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇവരില്‍ ഒരുസംഘം താമസിച്ചിരുന്നതു പ്രദേശത്തെ പോലീസ് സ്റ്റേഷനു സമീപമായിരുന്നു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയോടെയുമായിരുന്നു റെയ്ഡ്. ഭീകരവിരുദ്ധ സ്‌ക്വാഡും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായാണു പരിശോധന നടത്തിയത്. ഇവരുടെ താമസസ്ഥലത്തുനിന്ന് ലാപ്ടോപ്പുകള്‍, മതബോധന ഗ്രന്ഥങ്ങള്‍, സ്ഫോടക സാമഗ്രികള്‍ എന്നിവ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. പരിശോധനയില്‍ അറുപതോളം പോലീസുകാരും പങ്കാളികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →