ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ യുക്രൈനിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പോളണ്ടിലേക്കു മാറ്റി. സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
പടിഞ്ഞാറന്‍ യുക്രൈനിലും റഷ്യന്‍ ആക്രമണം ശക്തമായതിനാല്‍ രാജ്യത്തെ സുരക്ഷാസ്ഥിതി അനുനിമിഷം മോശമാവുകയാണ്. അതിനാല്‍, ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി അയല്‍രാജ്യമായ പോളണ്ടിലേക്കു മാറ്റുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുക്രൈനിലെ നിലവിലെ സാഹചര്യവും ഇന്ത്യയുടെ സുരക്ഷാ തയാറെടുപ്പുകളും വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷമാണ് ഈ തീരുമാനം. ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ”ഓപ്പറേഷന്‍ ഗംഗ” ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയോടു വിശദീകരിച്ചതായി സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

