തൃശൂർ: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. ഇല്ലെങ്കിൽ സമരം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും.
ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പറഞ്ഞു.
ഇത് സംബന്ധിച്ച് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെഎസ്ആർടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരധത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു