കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഗാന്ധി കുടുംബമെന്ന് ഡി കെ ശിവകുമാര്‍

ന്യൂഡല്‍ഹി: പാര്‍ട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാന്‍ സാധ്യമല്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരേ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാന്ധി കുടുംബം ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടവരാണ് അവര്‍. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവിക്കുക അസാധ്യമാണ്’. ഡി കെ ശിവകുമാര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി വിട്ട് പോകുന്ന നേതാക്കളെയൊക്കെ ഒന്നിച്ച് നിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; അധികാര മോഹമുള്ളവര്‍ക്കും വ്യക്തി താല്‍പര്യം ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍ നിന്ന് പോകാം. ബാക്കിയുള്ളവര്‍ അധികാരത്തില്‍ താല്‍പര്യമുള്ളവരല്ല. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രത്യശാസ്ത്രത്തോടും വിശ്വാസ്യത പുലര്‍ത്തുന്നവരാണ്. എല്ലായ്‌പ്പോഴും ഞങ്ങള്‍ ഗാന്ധി കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →