ഗോവയില്‍ സഖ്യ നീക്കങ്ങള്‍ സജീവമാക്കി ബിജെപിയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോള്‍ സൂചനകളെ തുടര്‍ന്നു ഗോവയില്‍ അതിവേഗ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ കാണാന്‍ ഡല്‍ഹിക്കു തിരിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ദിനേശ് ഗുണ്ടുറാവുവിനെ പനജിയിലേക്കയച്ചാണു കോണ്‍ഗ്രസിന്റെ മറുപടി. കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളെ സമീപിച്ചെന്നു തൃണമൂല്‍ കോണ്‍ഗ്രസ്-എം.ജി.പി സഖ്യം അറിയിച്ചു. തൃണമൂല്‍-മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടി (എം.ജി.പി) സഖ്യവുമായി ബി.ജെ.പി. കേന്ദ്ര നേതൃത്വം ആശയ വിനിമയം നടത്തിയെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് എം.ജി.പി. ഫലപ്രഖ്യാപനത്തിനുശേഷം തൃണമൂലും എം.ജി.പിയും തുടര്‍ ചര്‍ച്ച നടത്തും.

സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും സഖ്യം രൂപീകരിക്കുന്നതെന്ന് എം.ജി.പി. വ്യക്തമാക്കി. ബി.ജെ.പിയില്‍ ഗോവയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നവിസും ഉടന്‍ പനജിയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെക്കൂടി വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ സഖ്യരൂപീകരണം നടത്തുവെന്ന് എം.ജി.പി. നേതാവ് സുധിന്‍ ധവാലികര്‍ അറിയിച്ചു. മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ പിന്തുണയ്ക്കില്ല. 2019ലാണ് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ എം.ജി.പി. പിന്‍വലിച്ചത്. കോണ്‍ഗ്രസിനു ഭരണം ഉറപ്പാക്കാന്‍ മുതിര്‍ന്ന നേതാക്കളായ പി. ചിദംബരവും ഡി.കെ. ശിവകുമാറും ഉടന്‍ ഗോവയിലെത്തും. സഖ്യം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ ഇവരെയാണു െഹെക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →