ഐ.എസ്.എല്‍ സെമി: 11ന് ജംഷഡ്പുര്‍ എഫ്.സി. കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിന്റെ സെമി ഫൈനല്‍ മത്സര ക്രമമായി. 11 നു നടക്കുന്ന ഒന്നാംപാദ സെമിയില്‍ ജംഷഡ്പുര്‍ എഫ്.സി. കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. ലീഗിലെ ഒന്നാം സ്ഥാനക്കാരാണു ജംഷഡ്പുര്‍, നാലാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 15,16 തീയതികളിലായാണു രണ്ടാംപാദ മത്സരങ്ങള്‍. ജംഷഡ്പുരും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഒന്നാംപാദ സെമി ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. ഇരുവരും തമ്മില്‍ ഇതുവരെ 10 മത്സരങ്ങള്‍ കളിച്ചു. അതില്‍ ആറ് മത്സരങ്ങള്‍ സമനിലയായി. മൂന്നില്‍ ജംഷഡ്പുരും ഒന്നില്‍ ബ്ലാസ്റ്റേഴ്സും ജയിച്ചു. അവസാന അഞ്ച് മത്സരങ്ങളുടെ കണക്കിലും ജംഷഡ്പുര്‍ ഒരുപടി മുന്നിലാണ്. രണ്ട് ജയങ്ങളാണ് അവര്‍ നേടിയത്. രണ്ട് സമനിലയും ഒരു ജയവുമാണ് ബ്ലാസ്റ്റേഴ്സ് കുറിച്ചത്.

എട്ടാം സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ബ്ലാസ്റ്റേഴ്സിന് ജംഷഡ്പുരിനെ തോല്‍പ്പിക്കാനായില്ല. അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്റ്റേഴ്സ് 3-0 ത്തിനു തോറ്റു. അവസാന മത്സരത്തില്‍ ജംഷഡ്പുര്‍ എ.ടി.കെ. മോഹന്‍ ബഗാനെ തോല്‍പ്പിച്ചതോടെ ലീഗിലെ ഒന്നാം സ്ഥാനവും ഷീല്‍ഡും ഉറപ്പിച്ചു. 43 പോയിന്റുമായാണ് ജംഷഡ്പുര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഹൈദരബാദ് എഫ്.സി. രണ്ടാമതും എ.ടി.കെ. മോഹന്‍ ബഗാന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ മോഹന്‍ ബഗാന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകുമായിരുന്നുള്ളൂ. ബഗാന് ഒരു ഗോള്‍ പോലുമടിക്കാനായില്ല.

എട്ടാം സീസണിന്റെ തുടക്കത്തില്‍ ഷീല്‍ഡ് നേടുമെന്നു കരുതിയ ടീമുകളുടെ പട്ടികയില്‍ ജംഷഡ്പുരില്ലായിരുന്നു. കോച്ച് ഓവന്‍ കോയ്ലും ശിഷ്യന്‍മാരും തകര്‍പ്പന്‍ പ്രകടനത്തോടെ സീസണ്‍ അവസാനിപ്പിച്ചു. ലീഗിലെ അവസാന ഏഴ് മത്സരങ്ങളും ജയിച്ചായിരുന്നു ജംഷഡ്പുര്‍ ഷീല്‍ഡില്‍ മുത്തമിട്ടത്. അവസാന 11 മത്സരങ്ങളില്‍ 10 ലും കോയ്ലിന്റെ ടീം ജയിച്ചിരുന്നു. വലിയ താരങ്ങളില്ലാതെ തുടങ്ങിയ ജംഷഡ്പുര്‍ സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കുന്നതാണ് കണ്ടത്. ഗ്രെഗ് സ്റ്റുവര്‍ട്ട് ആണ് ഏറ്റവും മികച്ച താരമായത്. റിത്വിക് ദാസിനെ പോലുള്ള യുവതാരങ്ങളെയും ഓവന്‍ കണ്ടെത്തി. ജനുവരിയിലെത്തിയ ചിമയും ടീമിന് ഗുണമായി. ഈസ്റ്റ് ബംഗാളില്‍ പരാജയമായി ടീമില്‍നിന്നു പുറത്തായ താരമായിരുന്നു ചിമ. ഏഴു ഗോളുകളുമായി ചീമ സീസണില്‍ നിറഞ്ഞുനിന്നു.

Share
അഭിപ്രായം എഴുതാം