തൃശ്ശൂർ: പീച്ചി വലതുകര കനാല്‍ വൃത്തിയാക്കി മാര്‍ച്ച് 9ന് തുറക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കനാല്‍ തുറന്നാല്‍ ഓരോ പ്രദേശത്തേക്കും എത്ര ദിവസം കൊണ്ട് വെള്ളം എത്തും എന്നതിന്റെ വിശദമായ ഷെഡ്യൂള്‍ തയ്യാറാക്കണം. കൃഷിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും ഉപകാരപ്പെടുന്ന തരത്തിലായിരിക്കണം ഷെഡ്യൂള്‍ തയ്യാറാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസഡന്റുമാര്‍, ഇറിഗേഷന്‍, കൃഷി, ഓഫീസര്‍മാര്‍ എന്നിവരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഓരോ പ്രദേശത്തിന്റെയും ആവശ്യകത അനുസരിച്ച് വെള്ളം എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും മന്ത്രി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളം അനാവശ്യമായി നഷ്ടപ്പെട്ടുപോകാതെ എല്ലായിടത്തും എത്തി എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു. ഇടതുകര കനാലിലെ ചിറ്റക്കുന്ന് ഭാഗത്തെ അക്വഡക്റ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 20 ന് തന്നെ വെള്ളം ഒഴുക്കണമെന്നും ഇതില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി താക്കീത് നല്‍കി. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി കെ ജയരാജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി സന്ധ്യ, റവന്യൂ, കൃഷി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

