റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍

March 8, 2022 - 10:05 am

തിരുവനന്തപുരം : അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാനെത്തിയ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസുകാര്‍ക്കുനേരെ ആക്രമണം. ഹെല്‍മെറ്റ്‌ കൊണ്ടുളള അടിയേറ്റ പോലീസ്‌ ഡ്രൈവറുടെ കണ്ണിന്‌ ഗുരുതരമായ പരിക്കേറ്റു. പോലീസ്‌ ഡ്രൈവര്‍ സാജനാണ്‌ അടിയേറ്റത്‌. സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലുവിളയില്‍ വി.നിശാന്ത്‌(43), സഹോദരന്‍ വി.അജിത്‌കുമാര്‍ (40) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

2022 മാര്‍ച്ച് 7 തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചുമണിയോടെയായിരുന്നു സംഭവം. മുറിച്ചിട്ട മരങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട്‌ അയല്‍വാസികള്‍ തമ്മില്‍ ഉണ്ടാായ തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെ നാട്ടുകാര്‍ പോലീസിലറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്‌ വിവരം തിരക്കുന്നതിനിടെ പ്രകോപിതരായ ഒരു വിഭാഗം പോലീസ്‌ വാഹനം തടഞ്ഞു. പ്രശ്‌നം ഉണ്ടാക്കിയ സംഘത്തിലെ നിശാന്തിനെയും അജിത്തിനെയും ബലമായി പിടിച്ച്‌ ജീപ്പില്‍ കയറ്റി.

പ്രതികളെ സ്‌റ്റേഷനില്‍ കൊണ്ടുവരാന്‍ വാഹനം സ്‌റ്റാര്‍ട്ടു ചെയ്യുന്നതിനിടെയായിരുന്നു ഡ്രൈവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്‌. മറ്റുപോലീസുകാര്‍ വാഹനം തടഞ്ഞവരെ നിയന്ത്രിക്കവെ ജീപ്പിലുണ്ടായിരുന്ന പ്രതികള്‍ ഹെല്‍മെറ്റുകൊണ്ട്‌ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. കണ്ണിന്‌ പരിക്കേറ്റ ഡ്രൈവര്‍ സാജന്‍ വിഴിഞ്ഞം സിഎച്ച്‌ സിയില്‍ ചികിത്സ തേടി. എന്നാല്‍ വനിത പോലീസ്‌ ഇല്ലാതെ സ്‌ത്രീകള്‍ ഉള്‍പ്പെടയുളളവര്‍ക്കുനേരെ പോലീസ്‌ അക്രമം നടത്തിയതായി പ്രതിഭാഗം ആരോപിച്ചു. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *