തൃശൂര്‍ : വിദ്യാര്‍ത്ഥിയുടെ കാലില്‍ വിഷപ്പാമ്പ് ചുറ്റി. തൃശൂര്‍ മോഡല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ നൈതിക്ക് റോബി(15)യുടെ കാലിലാണ് അണലി ചുറ്റിപിണഞ്ഞത്. ഉടന്‍തന്നെ പാമ്പിനെ കുട്ടി കുടഞ്ഞെറിഞ്ഞതുമൂലം കടിയേല്‍ക്കാതെ രക്ഷപെട്ടു.
രാവിലെ പത്തുമണിയോടെ സ്‌കൂള്‍ കോംപൗണ്ടില്‍ വെച്ചാണ് സംഭവം. സ്‌കൂളിന്റെ പിന്‍വശത്ത് കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ വസ്‌തുക്കളുടെ സമീപത്തുവച്ചാണ് പാമ്പ് കാലില്‍ ചുറ്റിയത്. ക്ലാസ് മുറിയിലേക്ക് നടക്കുന്നതിനിടെ നൈതികിന് കാലില്‍ എന്തോ തടഞ്ഞതായി അനുഭവപ്പെട്ടു.നോക്കിയപ്പോഴാണ് കാലില്‍ പാമ്പ് ചുറ്റിപ്പിണയുന്നത് കണ്ടത്. ഷൂസ് ധരിച്ച കാല്‍പ്പാദത്തിലേക്ക് കടിയേല്‍ക്കുന്നതിന് മുമ്പ് തന്നെ നൈതിക് കുടഞ്ഞെറിഞ്ഞു. വിവരം അറിഞ്ഞ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിക്കൂടി നൈതികിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കടിയേറ്റിട്ടില്ലെന്ന് വ്യക്തമായതോടെ ആശുപത്രി വിട്ടു.