നഷ്ടം തുടര്‍ന്ന് വിപണി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍.നിഫ്റ്റി 16,500ന് താഴെയെത്തി. വിപണിയുടെ തുടക്കത്തില്‍ സൂചികകള്‍ നേട്ടത്തിലായിരുന്നെങ്കിലും അധികനേരം അത് പിടിച്ചുനിര്‍ത്താനായില്ല. ഉച്ചയോടെ സൂചികകള്‍ താഴുകയായിരുന്നു.

സെന്‍സെക്‌സ് 366.22 പോയിന്റ് താഴ്ന്ന് 55,102.68ലും നിഫ്റ്റി 108 പോയിന്റ് നഷ്ടത്തില്‍ 16,498ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുദ്ധം വീണ്ടും മുറുകുന്നത് ആഗോള വിപണികളില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇതിന്റെ പ്രതിഫലനമാണ് കാണുന്നത്. ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ പിന്നോക്കം പോയതാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്.

സെന്‍സെക്സ് 0.66 ശതമാനമാനവും നിഫ്റ്റി 0.65 ശതമാനവുമാണ് ഇടിഞ്ഞത്. 1963 ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കിയപ്പോള്‍ 1279 ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.അള്‍ട്രടെക് സിമെന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.ഡി.എഫ്.സി. ലൈഫ്, ശ്രീ സിമെന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍. ഒ.എന്‍.ജി.സി, യു.പി.എല്‍, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

റഷ്യ യുക്രൈന്‍ അധിനിവേശവും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ച പ്രധാന കാരണങ്ങള്‍.ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, ബാങ്കിങ് സെക്ടറുകളില്‍ വലിയ നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. രണ്ട് ശതമാനമാണ് ഈ സെക്ടറുകളില്‍ കമ്പനികളുടെ നഷ്ടം. മെറ്റല്‍, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം ഉയരുകയുംചെയ്തു. ബി.എസ.്ഇ. മിഡ്ക്യാപ് സൂചിക 0.6ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.35ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്നലെ നേട്ടമുണ്ടാക്കി. ഒമ്പത് കമ്പനികളുടെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. കേരള ആയുര്‍വേദ , കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ , കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മണപ്പുറം ഫിനാന്‍സ് , നിറ്റ ജലാറ്റിന്‍ , വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് , സ്‌കൂബീ ഡേ ഗാര്‍മന്റ്സ് , എവിറ്റി , ആസ്റ്റര്‍ ഡി എം , അപ്പോളോ ടയേഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →