കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തയ്യാറെടുപ്പുകൾ പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  വാക്‌സിൻ, മാർക്കറുകൾ, ബൂത്ത് – തെരുവ് ബാനറുകൾ, പോസ്റ്ററുകൾ, വിവിധ ഫോമുകൾ, ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങിവയുടെ വിതരണം പൂർത്തിയായി. 5 വയസ്സ് വരെയുള്ള 2,29,975 കുട്ടികൾക്കാണ് ഫെബ്രുവരി 27 ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകുന്നത്. ജില്ലയിലുടനീളം 2208 ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്. 125 കുട്ടികൾക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് ക്രമീകരണം. ബൂത്തുകൾ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും. ഓരോ ബൂത്തിലും 2 വാക്‌സിനേറ്റർമാർ ഉണ്ടായിരിക്കും. യാത്രക്കാരുടെയും മറ്റും സൗകര്യാർത്ഥം റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 51 ട്രാൻസിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 8 വരെ ഈ ബൂത്തുകളിൽ നിന്ന് തുള്ളി മരുന്ന് ലഭിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളികളെയും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് 64 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.

ഫെബ്രുവരി 28, മാർച്ച് 1, 2 തിയ്യതികളിൽ വളണ്ടിയർമാർ വീടുകകളിലെത്തി അഞ്ച് വയസ്സിൽ താഴെയുള്ള ഏതെങ്കിലും കുഞ്ഞിന് തുള്ളി മരുന്ന് നൽകാൻ വിട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ 809356  വീടുകളിൽ ഇതിനായി ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തും. 3986 ടീമുകളായി 7988 ആരോഗ്യ സന്നദ്ധപ്രവർത്തകരെയും 335 സൂപ്പർവൈസർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാനെത്തുന്നവർ കോവിഡ് 19 മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയെല്ലാം ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതാണ്. കോവിഡ് മാർഗ നിർദ്ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്.

ബൂത്തുകളിൽ കുട്ടികളുമായി എത്തുമ്പോൾ കൈകൾ അണുവിമുക്ത മാക്കുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →