പദ്ധതി നിര്‍വഹണത്തില്‍ ജില്ലാപഞ്ചായത്ത് ലക്ഷ്യം കൈവരിക്കും

പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഏഴാം  സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചെലവ് പുരോഗതിയിൽ രണ്ടാം സ്ഥാനത്തായിരുന്നു. മാര്‍ച്ച് അവസാനത്തോടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതത് ഡിവിഷന്‍ മെമ്പര്‍മാര്‍ അവരുടെ ഡിവിഷനുകളിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തണമെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു. വിവിധ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍  ഭരണസമിതി അംഗീകരിച്ചു. ആരും ടെന്‍ഡറിന് സമര്‍പ്പിക്കാത്ത പ്രവൃത്തികള്‍ റീടെന്‍ഡര്‍ ചെയ്യാനും തീരുമാനമായി. കാര്‍ഷിക മേഖലയില്‍ ജില്ലാപഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ കതിരണി പദ്ധതി ജില്ലാതല കമ്മറ്റിയുടെ അനുവാദം ലഭിക്കാത്ത സാഹചര്യം നിര്‍വഹണ ഉദ്യോഗസ്ഥയും ഭരണസമിതി അംഗങ്ങളും യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷേമം, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ ജില്ലാപഞ്ചായത്തിന് മുന്‍മാസത്തേക്കാള്‍ മെച്ചപ്പെട്ട പുരോഗതി കൈവരിക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നൂറ് ശതമാനം ഫണ്ട് വിനിയോഗം നടത്തി. സ്‌കോളര്‍ഷിപ്പിന് ഇനിയും ഗുണഭോക്താക്കളുണ്ടെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ജില്ല പട്ടികജാതി വികസന വകുപ്പ് മുഖേന തുക നീക്കിവെക്കും. തെരുവ് നായകളില്‍ വന്ധ്യകരണം നടത്തുന്നതിനുള്ള എ.ബി.സി സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി എഞ്ചിനീയര്‍ വിഭാഗം അറിയിച്ചു. സെന്ററിലേക്കാവശ്യമായ ഉപകരണങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൈലറ്റ് അടിസ്ഥാനത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നരിപ്പറ്റ, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളില്‍ അന്നമിത്ര സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായതായി കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും വിശകലനം ചെയ്യുന്നതിനായി് ഓരോ മേഖലയിലും നടപ്പിലാക്കിയ പദ്ധതികളുടെ അവസ്ഥാ വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രസിഡന്റ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ വരാനിക്കുന്നതേയുള്ളുവെന്നും സര്‍ക്കാര്‍ പുറത്തിറക്കുന്ന മുറയ്ക്ക് പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം